അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്വയം വിഷംകുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പുറപ്പെട്ട കുട്ടികൾ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്ഷേത്രത്തിലാണ് ഇവർ അവസാനമായെത്തിയതെന്ന് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും ഇവരുടെ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
സിസിടിവി പരിശോധനയിൽ, പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. പോലീസെത്തിയപ്പോൾ ശുചിമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു സിറിഞ്ചും മൂന്ന് കുപ്പി വിഷ മരുന്നുകളും കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന് ഇവർ ഫോണിൽ തിരഞ്ഞുവെന്നും പോലീസ് പറഞ്ഞു. സിറിഞ്ച്, മരുന്ന് കുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.